റെയില്‍വെയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി; വൈകി ഓടിയത് ഏഴ് ട്രെയിനുകൾ, രണ്ട് പേർ കസ്റ്റഡിയിൽ



കോഴിക്കോട്: വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനു സമീപം റെയിൽവെയുടെ കേബിൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് സിഗ്നൽസംവിധാനം താറുമാറായി. ഏഴ് ട്രെയിനുകളാണ് ഇതേ തുടർന്ന് വൈകിയത്. സംഭവത്തിൽ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.


വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്നൽസംവിധാനം പ്രവർത്തനരഹിതമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ പൂവാടൻ ഗേറ്റിലെ കേബിൾ മുറിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് കേബിൾ നഷ്ടപ്പെട്ടതായും ആർപിഎഫ് പറയുന്നു. സാധാരണ ഭൂമിക്ക് അടിയിലാണ് കേബിൾ ഉണ്ടാവുക. ഇവിടെ അടിപ്പാത നിർമാണം നടക്കുന്നതിനാൽ കേബിൾ പുറത്താണുള്ളത്.

റെയിൽവെയുടെ സിഗ്നൽവിഭാഗം സ്ഥലത്തെത്തി പത്തു മണിയോടെ കേബിൾ യോജിപ്പിച്ച് സിഗ്നൽ സംവിധാനം പൂർവസ്ഥിതിയിലാക്കി. കേബിൾ മുറിഞ്ഞതോടെ ട്രെയിനുകൾക്ക് മുന്നോട്ടുപോകാനുള്ള സിഗ്നൽ കിട്ടിയില്ല. ഇതോടെ വണ്ടികൾ നിർത്തിയിട്ടു. വടകര സ്റ്റേഷൻ മാസ്റ്ററിൽ നിന്ന് ലോക്കോ പൈലറ്റുമാർക്ക് മെമ്മോ എത്തിച്ചാണ് യാത്ര തുടർന്നത്.


Previous Post Next Post