ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞടുപ്പിൽ കേരളത്തിലെ കനത്തതോൽവിയിൽ നിരാശ പ്രകടിപ്പിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. പരാജയം സംബന്ധിച്ച് ആഴത്തിലുള്ള ആത്മപരിശോധനയും വിലയിരത്തലും നടത്തുമെന്നും സിപിഎം പിബി പ്രസ്താവനയിൽ അറിയിച്ചു.
ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. 2014ലെയും 2019ലെയും തെരഞ്ഞെടുപ്പിന് പിന്നാലെ ഇത്തവണ 400 സീറ്റുകൾ നേടുമെന്നായിരുന്നു ബിജെപിയുടെ പ്രചരണം. അവർക്ക് ലഭിച്ചത് 240 സീറ്റുകൾ മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 63 സീറ്റുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തത്.
ബിജെപിക്ക് കേവലഭൂരിപക്ഷത്തിന് 32 സീറ്റുകൾ കുറവാണ്. സഖ്യകക്ഷികൾ 52 സീറ്റുകൾ നേടിയതോടെ എൻഡിഎ ഭൂരിപക്ഷം 292 അയി. ഇന്ത്യാ സഖ്യം 234 സീറ്റുകൾ നേടി. കേവലഭൂരിപക്ഷത്തിന് 38 സീറ്റുകളുടെ കുറവ് മാത്രമാണ് ഉള്ളത്. എൻഡിഎ 43.31 ശതമാനം വോട്ടുകൾ നേടിയപ്പോൾ ഇന്ത്യാ സഖ്യത്തിന് 41.69 ശതമാനം വോട്ടുകൾ ലഭിച്ചു. വോട്ടുവിഹിതത്തിലുള്ള വ്യത്യാസം രണ്ടുശതമാനത്തിൽ താഴെ മാത്രമാണെന്നും പ്രസ്താവനയിൽ പറയുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, യുപി എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിക്ക് 38 സിറ്റിങ് സീറ്റുകൾ നഷ്ടമായെന്നും ഈ സീറ്റുകളെല്ലാം ഇന്ത്യാ സഖ്യം നേടിയെന്നും ജനങ്ങൾ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്‌തെന്നും പിബി പ്രസ്താവനയിൽ പറയുന്നു.