ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി


 

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. നേരത്തെ ഈ സമയപരിധി 2024 ജൂണ്‍ 14 ആയിരുന്നു.

ഇതിനോടകം തന്നെ പലതവണ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ സമയം നല്‍കിയിരുന്നു. ഇപ്പോള്‍ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി വീണ്ടും നീട്ടി. സെപ്തംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.

മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ നിര്‍ബന്ധമായും കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

2016ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്‌ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച് വ്യക്തികള്‍ ആധാര്‍ എന്റോള്‍മെന്റ് തീയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

Previous Post Next Post