'എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുക'; തോൽവിയിൽ നിന്നും സിപിഎം പാഠം ഉൾക്കൊള്ളണമെന്ന് പി ജയരാജൻ



കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും സിപിഎം പാഠം ഉൾക്കൊള്ളണമെന്ന് മുതിർന്ന നേതാവ് പി ജയരാജൻ. ചരിത്രത്തെ ശരിയായി വിലയിരുത്തി മുന്നോട്ടു പോകാൻ ഊർജ്ജം സംഭരിക്കണം. എവിടെയെല്ലാം പോരായ്മ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിക്കണം. ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് പ്രധാനമെന്നും പി ജയരാജൻ പറഞ്ഞു.

പാനൂരിൽ പി കെ കുഞ്ഞനന്തൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി ജയരാജൻ. ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ശരിയായ പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ കഴിഞ്ഞാൽ, നാം ഉയർത്തിപ്പിടിച്ച ശരിയായ നയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനായാൽ, തീർച്ചയായിട്ടും നമുക്ക് ഇനിയും മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ജയരാജൻ പറഞ്ഞു.

സിപിഎമ്മിന്റെ ചരിത്രത്തിൽ തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പി ജയരാജൻ പറഞ്ഞു. എപ്പോഴും ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയാണ് വേണ്ടതെന്നും പി ജയരാജൻ ഓർമ്മിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവി നിരാശാജനകമെന്നും, ആഴത്തിലുള്ള ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്ന് സിപിഎം പിബി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Previous Post Next Post