പമ്ബയാറ്റിലെ ഓളപ്പരപ്പില്‍ ആവേശത്തിരയിളക്കിയ ചമ്ബക്കുളം മൂലം വള്ളംകളിയില്‍ ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ആയാപറമ്ബ് വലിയ ദിവാന്‍ജി ജേതാക്കളായി രാജപ്രമുഖന്‍ ട്രോഫി ചൂടി.
കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ബോട്ട് ക്ലബ്ബ് തുഴയെറിഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനവും കുമരകം എന്‍സിഡിസി ബോട്ട് ക്ലബ്ബിന്റെ കരുത്തില്‍ ചമ്ബക്കുളം ബോട്ട് ക്ലബ് തുഴയെറിഞ്ഞ ചമ്ബക്കുളം ചുണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കള്‍.
ആറ് ചുണ്ടന്‍ അടക്കം എട്ട് വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖന്‍ ട്രോഫിക്കായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വള്ളംകളിയായ ചമ്ബക്കുളം മൂലം വള്ളംകളി ചരിത്ര പ്രസിദ്ധമാണ്.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് പമ്ബയാറ്റില്‍ മത്സരങ്ങള്‍ക്ക് തുടക്കമായത്. അഞ്ചു മണിയോടെ വള്ളങ്ങളുടെ ഫൈനല്‍ മത്സരം ആരംഭിച്ചു. അതിനിടെ, വെപ്പു വള്ളങ്ങളുടെ മത്സരത്തിനിടെ വള്ളം മറിഞ്ഞു. തുഴച്ചിലുകാര്‍ സുരക്ഷിതരാണ്.