കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയരായവരെല്ലാം 'ഫിറ്റ്'. കോതമംഗലം ഡിപ്പോയിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ജീവനക്കാരുൾപ്പടെ മദ്യപിച്ചെന്ന റിസൾട്ട് ലഭിച്ചത്. പരിശോധനയ്ക്ക് ഉപകരണവുമായി എത്തിയ സംഘം ഊതി നോക്കിയപ്പോഴും ഫലം പോസിറ്റീവ് തന്നെയായിരുന്നു.
പകുതിയോളം ജീവനക്കാരെ പരിശോധിച്ചതിനുശേഷമാണ് മെഷീൻ ഇങ്ങനെ മറിമായം കാണിച്ചുതുടങ്ങിയത്. സംശയംതോന്നി കൂടുതൽ പരിശോധന നടത്തിയതോടെയാണ് മെഷീന് തകരാണെന്ന് വ്യക്തമായത്. ഇതോടെ പരിശോധന ഉപേക്ഷിച്ച് സംഘം മടങ്ങുകയും ചെയ്തു
ഡിപ്പോയിൽ ഇന്ന് ഡ്യൂട്ടിയിലുളള ആരും മദ്യപിച്ച് ജോലിക്കെത്തിയിരുന്നില്ല. മദ്യപിച്ച് ജോലിക്കെത്തുന്നവരുടെ എണ്ണം കൂടുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ബ്രത്ത് അനലൈസർ ടെസ്റ്റ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്.