ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടി ബിജെപി. പ്രതിപക്ഷമായ ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസ് ഇതര സഖ്യകക്ഷികളെയാണ് ബിജെപി ബന്ധപ്പെടുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഇന്ത്യ മുന്നണിയിലെ ഡിഎംകെയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യകക്ഷികളുടെ നേതാക്കളുമായി കേന്ദ്രമന്ത്രി അമിത് ഷാ സംസാരിച്ചു. ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാമെന്ന് ഇവര്‍ അമിത് ഷായെ അറിയിച്ചു. അതിനിടെ, സ്പീക്കര്‍ സ്ഥാനത്തിനായി വാദിച്ചിരുന്ന ടിഡിപി ഇപ്പോള്‍ ആവശ്യത്തില്‍ നിന്നും പിന്നോട്ടുപോയി. സ്പീക്കര്‍ സ്ഥാനത്തിനായി പാര്‍ട്ടി ശക്തമായ ആവശ്യം ഉന്നയിക്കില്ലെന്ന് ചന്ദ്രബാബു നായിഡു എംപിമാരുടെ യോഗത്തില്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ലോക്‌സഭയില്‍ ഒന്നിച്ചെത്താനും ഒരുമിച്ച് നീങ്ങാനുമാണ് ഇന്ത്യ മുന്നണി നേതാക്കളുടെ ധാരണ. പാര്‍ലമെന്റ് വളപ്പിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമ പൊളിച്ചു നീക്കിയ സ്ഥലത്ത് ഇന്ത്യ മുന്നണി എംപിമാര്‍ സമ്മേളിക്കും. തുടര്‍ന്ന് ഒരുമിച്ച് ലോക്‌സഭയില്‍ എത്താനാണ് തീരുമാനം. പ്രോ ടേം സ്പീക്കര്‍ പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി പ്രോ ടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ നിന്നും പിന്മാറുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
അതേസമയം ലോക്‌സഭയിലെ പ്രോടേം സ്പീക്കറായി ബിജെപിയിലെ ഭര്‍തൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഏഴു തവണ ലോക്‌സഭാംഗമായിരുന്നു ഭര്‍തൃഹരി. മുമ്പ് ബിജു ജനതാദള്‍ അംഗമായിരുന്ന ഭര്‍തൃഹരി മഹ്താബ് ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.
പ്രോ ടേം സ്പീക്കറെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍ ഇതുവരെ പ്രോ ടേം സ്പീക്കറെ ചൊല്ലി വിവാദമുണ്ടായിട്ടില്ല. പ്രോ ടേം സ്പീക്കര്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനും പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്ന നടപടികളില്‍ സഹായിക്കാനും വേണ്ടിയുള്ളതാണെന്ന് കിരണ്‍ റിജിജു പറഞ്ഞു. ഡിഎംകെ നേതാവ് ടി ആര്‍ ബാലുവുമായി കൂടിക്കാഴ്ച നടത്തിയതായും റിജിജു അറിയിച്ചു.