കോഴിക്കോട്: കെ മുരളീധരനെ അനുനയിപ്പിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് കൂടിക്കാഴ്ച നടത്തും. മുരളീധരന്റെ കോഴിക്കോടെ വസതിയിലെത്തിയാണ് കാണുക.
തൃശൂർ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ താൻ പൊതുരംഗത്തുനിന്ന് പിൻമാറുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കെപിസിസി പ്രസിഡന്റ് നേരിട്ട് എത്തി മുരളീധരനെ കാണുന്നത്. വൈകീട്ടായിരിക്കും കൂടിക്കാഴ്ച.
രണ്ടുദിവസമായി കോഴിക്കോട്ടെ വീട്ടിലാണ് മുരളീധരൻ ഉള്ളത്. മാധ്യമങ്ങളോടോ കോൺഗ്രസ് നേതാക്കളോടോ ഫോണിൽപോലും സംസാരിക്കാൻ പോലും മുരളീധരൻ കഴിഞ്ഞ ദിവസങ്ങളിൽ തയ്യാറായിട്ടില്ല. പാർട്ടിയുടെ മുഖ്യധാരയിൽ തന്നെ തുടരണമെന്ന നേതൃത്വം ആവശ്യപ്പെടും. മുരളീധരന്റെ പരാതി കൂടികേട്ട ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.
കെ മുരളീധരന് ഉന്നത പദവി നൽകണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. മുരളീധരന്റെ സേവനം പാർട്ടിക്കും മുന്നണിക്കും ആവശ്യമുണ്ടെന്നും മുരളീധരന് ഉന്നത പദവി നൽകണമെന്നും പ്രവീൺ കുമാർ പറഞ്ഞു. തൃശൂരിൽ കോൺഗ്രസ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എൻ പ്രതാപൻ നേടിയത്. അതിനെക്കാൾ 86959 കുറവ് വോട്ടാണ് മുരളിക്ക് ലഭിച്ചത്.