രണ്ടു ദിവസത്തിനിടെ കേരളത്തിൽ നിന്ന് കാണാതായത് രണ്ട് എസ്ഐമാരെ; കേരളപൊലീസിൽ അമിത ജോലിഭാരമോ?
കോട്ടയം: രണ്ടു ദിവസത്തിനിടെ കേരളത്തിൽനിന്നും കാണാതായത് രണ്ട് എസ്ഐമാരെയാണ്. കണ്ണൂരിൽ നിന്നും ശബരിമല ഡ്യൂട്ടിക്ക് പോയ ആംഡ് പൊലീസ് വിഭാഗം എഎസ്ഐയും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ ഗ്രേഡ് എസ്ഐയുമാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കാണാതായത്.
കണ്ണൂരിൽ നിന്നും ശബരിമലയിൽ ഡ്യൂട്ടിക്ക് പോയ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ എസ് ഹസീം നെയാണ് കഴിഞ്ഞ ദിവസം കാണാതായത്.13-ാം തീയതി ഡ്യൂട്ടിക്ക് ചേരാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയ ഹസീമിനെ പിന്നീട് കാണാതാവുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എസ്ഐയേയും കാണാതാവുന്നത്. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ് ഐ അയർക്കുന്നം സ്വദേശി രാജേഷിനെയാണ് ഇന്നലെ മുതൽ കാണാതാവുന്നത്. നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് പോയ എസ്ഐ വീട്ടിലെത്തിയില്ല. ഇതോടെ ബന്ധുക്കൾ അയർക്കുന്നം പൊലീസിൽ പരാതി നൽകി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ കാണാതായ എസ്ഐ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു. അമിത ജോലിഭാരമാണ് മാറിനിൽക്കാൻ കാരണമായതെന്ന് അറിയാൻ കഴിഞ്ഞത്.