തിരുവനന്തപുരം: നിയമസഭയില്‍ ബഹളംവച്ച ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂരിലെ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെയായിരുന്നു സച്ചിന്‍ദേവ് സഭയില്‍ ബഹളം വെച്ച് സംസാരിക്കുകയായിരുന്നു. ഈ സമയത്താണ് വി ഡി സതീശന്റെ പ്രതികരണം. ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറെ റോഡില്‍ തടഞ്ഞ് വിരട്ടിയ സംഭവമല്ല താന്‍ പറയുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ കളിയാക്കല്‍.
ഇത്രയും ചൂടായി സംസാരിക്കേണ്ട കാര്യമില്ല. ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല പറഞ്ഞത്. ബോംബ് വച്ച കാര്യമാണ് പറഞ്ഞത്. ബോംബ് നിര്‍മാണത്തിന്റെ കാര്യമാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാര്‍ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. സര്‍ക്കാരിന്റേയും പൊലീസിന്റേയും ഒത്താശയോടെയാണ് ബോംബ് നിര്‍മാണം നടക്കുന്നത്. നിരപരാധികള്‍ മരിക്കുകയും സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന ഈ സാഹചര്യത്തെ മറികടക്കാന്‍ വേണ്ടി ഒരു പ്രവൃത്തിയും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും വി ഡി സതീശന്‍ പറയുന്നു.
മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവും കാറില്‍ സഞ്ചരിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ചായിരുന്നു നടുറോഡില്‍ ബസ് തടഞ്ഞത്. അശ്ലീല ആംഗ്യം കാട്ടിയെന്ന മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. മേയര്‍ക്കെതിരേ യദുവും പരാതി നല്‍കിയിരുന്നു. ഈ കേസിനെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് സഭയില്‍ പരിഹാസരൂപേണ സംസാരിച്ചത്.