'ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്'; കര്‍ശന നടപടിയെന്ന് ഗണേഷ്‌കുമാര്‍


 

തിരുവനന്തപുരം: കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. യൂട്യൂബറുടെ മുന്‍ വിഡിയോകള്‍ പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വിഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളിക്കേണ്ടെന്നും പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികള്‍. കാര്‍ പിടിച്ചെടുത്ത് രജിസ്ട്രേഷന്‍ റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.

Previous Post Next Post