ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഫൈനലില്‍ ബെര്‍ത്ത് ഉറപ്പിച്ച്‌ എതിരാളിയെ കാത്തിരിക്കുന്ന ദക്ഷിണാഫ്രിക്കയോട് കാത്തിരിക്കേണ്ട, ഞങ്ങള്‍ വരുന്നുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഫൈനലിലേക്ക് ഇന്ത്യൻ പടയോട്ടം.
ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ 172 റണ്‍സ് വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ 16.4 ഓവറില്‍ 103ന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. 68 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

പൊരുതാൻ ശ്രമിച്ച ബ്ടലറിനെ അക്സര്‍ കൂടാരം കയറ്റിയപ്പോള്‍ സാള്‍ട്ടിന്റെ കുറ്റിയറുത്ത് ബുംറ വരവറിയിച്ചു. പിന്നാലെ വീണ്ടും അക്സര്‍ പട്ടേലിന്റെ പന്തില്‍ ബെയര്‍സ്റ്റോ ക്ലീൻ ബൗള്‍ഡ്. മൊയീൻ അലിയെ അക്സറിന്റെ പന്തില്‍ സ്റ്റമ്ബിങ്കിലൂടെ പൂറത്താക്കി പന്തും സാന്നിധ്യമറിയിച്ചു. വൈകാതെ കുല്‍ദീപിന്റെ വരവോടെ സാം കറൻ എല്‍ബി ഡബ്ലൂയില്‍ കുടുങ്ങി പുറത്തേക്ക്. 5 വിക്കറ്റിന് 49 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി. ഒമ്ബതാം ഓവറില്‍ ആദ്യ പന്തിലായിരുന്നു കുല്‍ദീപ് വിക്കറ്റ് നേടിയത്. റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ബ്രൂക്കിനെ ക്ലീൻ ബൗള്‍ഡാക്കി കുല്‍ദീപ് രണ്ടാം വിക്കറ്റ് സ്വന്തമാക്കുമ്ബോള്‍ ഇംഗ്ലണ്ട് സ്കോര്‍ 68ന് ആറ് എന്ന നിലയിലാണ്. കുല്‍ദീപ് തന്റെ നാലാം ഓവറില്‍ ഒന്നാമത്തെ പന്തില്‍ എല്‍ബി ഡബ്യൂവിലൂടെ ജോര്‍ദാനെയും കൂടാരം കയറ്റി. 72 റണ്‍സ് മാത്രമായിരുന്നു ഈ സമയം ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍. ലിവിങ്സ്റ്റണ്‍ കുല്‍ദീപിന്റെ ത്രോയില്‍ അക്സര്‍ റണ്‍ഔട്ട് പൂര്‍ത്തിയാക്കിയപ്പോള്‍, ആദില്‍ റഷീദിനെ കുല്‍ദീപ് റണ്‍ഔട്ടാക്കി. പിന്നാലെ ജോഫ്രാ ആര്‍ച്ചറിനെ ബുംറ എല്‍ബിഡബ്ല്യൂവില്‍ കുടുക്കിയതോടെ 16.4 ഓവറില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. 
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന് രോഹിത് ശര്‍മയുടെയും(57) സൂര്യകുമാര്‍ യാദവിന്‍റെയും(47) ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും(13 പന്തില്‍ 23) രവീന്ദ്ര ജഡേജയും(9 പന്തില്‍ 17*) ഇന്ത്യൻ സ്കോര്‍ 170 എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയപ്പോള്‍ വിരാട് കോലി(9), റിഷഭ് പന്ത്(4), ശിവം ദുബെ(0) എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ മൂന്ന് വിക്കറ്റെടുത്തു.
Previous Post Next Post