ട്വന്റി20 ലോകകപ്പ്: സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ


 

ന്യൂയോര്‍ക്ക്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരിന് ഒരുങ്ങി ഇന്ത്യ. അഫ്ഗാനാണ് എതിരാളി. രാത്രി എട്ടിനാണ് സൂപ്പര്‍ എട്ട് മത്സരം. ഗ്രൂപ്പ്ഘട്ടം കഴിഞ്ഞാണ് ഇരുടീമുകളും മുഖാമുഖം എതിരിടുന്നത്.

ഗ്രൂപ്പ് 'എ'യില്‍ ഒന്നാമതായാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നത്. അഫ്ഗാന്‍ 'സി' ഗ്രൂപ്പില്‍ രണ്ടാമതായിരുന്നു. ബാറ്റര്‍മാര്‍ക്കൊപ്പം സ്പിന്നര്‍മാരെയും തുണയ്ക്കുന്ന പിച്ചാണ് ബാര്‍ബഡോസിലേത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത.

ഓപ്പണിങ് കൂട്ടുകെട്ട് ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ഒറ്റ മത്സരത്തില്‍ പോലും വീരാട് കോഹ് ലിക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് കളിയിലും പരാജയമായിരുന്നു കോഹ്‌ലി. അമേരിക്കയ്ക്കെതിരെ ആദ്യപന്തില്‍ റണ്ണെടുക്കാതെ പുറത്തായി. പാകിസ്ഥാനെതിരെ മൂന്ന് പന്തില്‍ നാല് റണ്‍. അയര്‍ലന്‍ഡിനെതിരെ അഞ്ചു പന്തില്‍ ഒറ്ററണ്‍. രോഹിത് ശര്‍മ കഴിഞ്ഞാല്‍ സൂര്യകുമാര്‍ യാദവിലും വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്തിലുമാണ് പ്രതീക്ഷ. പരിശീലനത്തിനിടെ പരിക്കേറ്റ സൂര്യകുമാര്‍ കളിച്ചേക്കും. ബൗളര്‍മാരില്‍ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിങ്ങും മികച്ച ഫോമിലാണ്. സ്പിന്നര്‍ അകസര്‍ പട്ടേല്‍ നന്നായി പന്തെറിയുന്നു. സ്പിന്‍ അനകൂല പിച്ചില്‍ യുസ്വേന്ദ്ര ചഹാലിനെയോ കുല്‍ദീപ് യാദവിനെയോ പരിഗണിച്ചേക്കാം.

ഓള്‍ൗണ്ട് മികവാണ് അഫ്ഗാന്‍ ഈ ലോകകപ്പില്‍ കാഴ്ചവയ്ക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അഫ്ഗാന്‍കാരാണ് ഒന്നാമത്. റഹ്മത്തുള്ള ഗുര്‍ബസ് നാല് കളിയില്‍ നേടിയത് 167 റണ്ണാണ്. നാലാമതുള്ള ഇബ്രാഹിം സദ്രാന് 152 റണ്ണുണ്ട്. ബൗളര്‍മാരില്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി 12 വിക്കറ്റുമായി മുന്നിലുണ്ട്. ഇതുകൂടാതെയാണ് ശക്തമായ സ്പിന്‍ നിര. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് നബി എന്നിവരിലൂടെയുള്ള വിസ്ഫോടനമാണ് അഫ്ഗാന്‍ പ്രതീക്ഷിക്കുന്നത്.എന്നാല്‍, 20 ഓവര്‍ ക്രിക്കറ്റില്‍ അഫ്ഗാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

Previous Post Next Post