ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളുമടക്കം നാല് പേർ അറസ്റ്റില്‍.

പുളിക്കീഴ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കാമുകനും എറണാകുളത്തെ ബ്യൂട്ടി പാർലറില്‍ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തില്‍ അഭിനവ് (19), പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിനടക്കം സഹായം ചെയ്തു നല്‍കിയ കോട്ടയം മണിമല ചേനപ്പാടി കാരക്കുന്നേല്‍ വീട്ടില്‍ അനന്തു എസ് നായർ ( 22 ), കോട്ടയം ചേനപ്പാടി പള്ളിക്കുന്നില്‍ വീട്ടില്‍ സച്ചിൻ (24), മണിമല ചേനപ്പാടി വേലു പറമ്ബില്‍ വീട്ടില്‍ അനീഷ് ടി ബെന്നി (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഒരു വർഷം മുമ്ബാണ് കടപ്ര സ്വദേശിനിയായ പെണ്‍കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. ഒന്നാം പ്രതിയായ അഭിനവിന്റെ വനപാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച്‌ പീഡിപ്പിച്ച്‌ വരികയായിരുന്നു. ഇതിനിടെ പലപ്പോഴായി പെണ്‍കുട്ടിയില്‍ നിന്നും ഇയാള്‍ 10 പവനോളം സ്വർണവും തട്ടിയെടുത്തിരുന്നു. ബുധനാഴ്ച രാവിലെ മാന്നാറിലേക്ക് പോയ പെണ്‍കുട്ടിയെ അവിടെ നിന്നും പ്രതികള്‍ ചേർന്ന് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു. രാത്രി ഏറെ വൈകിയും പെണ്‍കുട്ടി വീട്ടില്‍ തിരിച്ച്‌ എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കള്‍ പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഭിനവിന്റെ വനവാതുക്കരയിലെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെയും അഭിനവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തുക്കളായ മറ്റു മൂന്നു പേരും പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Previous Post Next Post