കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 17ന്. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ ദുല്‍ ഹിജ്ജ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.
ഗള്‍ഫ് രാജ്യമായ ഒമാനിലും ജൂണ്‍ 17 തിങ്കളാഴ്ചയാണ് ബലിപെരുന്നാള്‍. ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 16നാണ് ബലിപെരുന്നാള്‍. സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാള്‍ 16 ന് ഞായറാഴ്ചയും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മാസപ്പിറവി കണ്ടതോടെ ഹജ്ജ് തീർഥാടനത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീർത്ഥാടകരും അധികൃതരും കടന്നു. ദുല്‍ഹജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാർ മക്കയില്‍ നിന്ന് മിനായിലേക്ക് നീങ്ങിത്തുടങ്ങും. ദുല്‍ഹജ് 13 ന് ചടങ്ങുകള്‍ അവസാനിക്കും. ഹിജ്റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ദുല്‍ ഹജ്ജ്. ദുല്‍ ഹജ്ജ് മാസത്തിലാണ് ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. ദുല്‍ ഹജ്ജ് 10നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.