കന്യാകുമാരിയില്‍ പ്രധാനമന്ത്രിയുടെ ധ്യാനം; വിലക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍


 

ന്യൂഡല്‍ഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം ഇരിക്കുന്നതിനെ വിലക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ധ്യാനമിരിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. ധ്യാനം വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. എന്നാല്‍ ഈ ആവശ്യം തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ധ്യാനം പ്രചാരണമായി കാണാനാകില്ലെന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. മോദി ധ്യാനമിരിക്കുന്നത് വ്യകതിപരമായ കാര്യമാണ്. എന്നാല്‍ രാഷ്ട്രീയ താല്പര്യത്തിന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നാണ് കത്തില്‍ പറയുന്നത്.

മോദിയുടെ ധ്യാനം തടയുന്നില്ലെങ്കില്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും കന്യാകുമാരിയില്‍ അതേ സമയം ധ്യാനം നടത്തുമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കൊഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ടോടെയാണ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കാന്‍ എത്തുക. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മോദി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കന്യാകുമാരിലേക്ക് പോവുക.

Previous Post Next Post