മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ. രത്തന്‍ ഖേല്‍ക്കര്‍ ഇന്ന് ചുമതലയേല്‍ക്കും

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ ഇന്ന് ചുമതലയേല്‍ക്കും.മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശ പ്രകാരമാണ് അവധി ദിനത്തില്‍ തന്നെ ചുമതലയേറ്റെടുക്കുന്നത്. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് അടിയന്തര നീക്കം.

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതില്‍ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സി പി എം നേതാവ് പി രാജീവ് ഉള്‍പ്പെടെയുള്ളവര്‍ നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ജയിപ്പിച്ചതിലുള്ള ഉപകാര സ്മരണയെന്ന നിലയിലാണ് നിയമനമെന്നാണ് ആരോപണം. എന്നാല്‍, നിയമനത്തില്‍ രാഷ്ട്രീയമില്ലെന്നും കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥനെന്നു കണ്ടാണ് നടപടിയെന്നുമാണ് മന്ത്രിയും കെ പി സി സി അധ്യക്ഷനുമായ സണ്ണി ജോസഫിന്റെ പ്രതികരണം.

പശ്ചിമ ബംഗാളില്‍ പുതുതായി അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് കുമാര്‍ അഗര്‍വാളിനെ ചീഫ് സെക്രട്ടറിയും എസ് ഐ ആര്‍ നിരീക്ഷകയായിരുന്ന സുബ്രതാ ഗുപ്ത ഐ എ എസിനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ആക്കിയതിനെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.
Previous Post Next Post