ആര്‍എസ്എസുമായി ഒരു കൂട്ടുകെട്ടും സിപിഎമ്മിന് ഇല്ല; പ്രസ്താവന വളച്ചൊടിച്ച് കള്ള പ്രചാരവേല: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ആർഎസ്എസുമായി ഒരു കൂട്ടുകെട്ടും സിപിഎമ്മിന് ഇല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ( M V Govindan ) . ഒരു ഘട്ടത്തിലും സിപിഎമ്മിന് ആർഎസ്എസുമായി രാഷ്ട്രീയ സഖ്യമില്ല. ഇന്നലെയുമില്ല ഇന്നുമില്ല, നാളെയും ഉണ്ടാകില്ല. ആർഎസ്എസുമായി ( RSS- CPM ) സഹകരിച്ചെന്ന് പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ തന്റെ പ്രസ്താവന വളച്ചൊടിച്ച് കള്ളപ്രചാരവേല നടത്തുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


അടിയന്തരാവസ്ഥക്കാലത്തെ കാര്യമാണ് താൻ പറഞ്ഞത്. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. ഇന്ദിരാ ഗാന്ധിക്കെതിരെ മറ്റു പാർട്ടികളെല്ലാം ഒന്നിച്ചു. വിവിധ പാർട്ടികൾ ചേർന്ന് ജനതാ പാർട്ടിയുണ്ടാക്കി. ജനസംഘവും അന്ന് ജനതാപാർട്ടിയുടെ ഭാഗമായി. ആർഎസ്എസ് അന്ന് പ്രബല ശക്തിയല്ല. അങ്ങനെ രാജ്യവ്യാപകമായി എല്ലാ വിഭാഗവും ചേർന്ന് പ്രവർത്തിച്ചു എന്നാണ് സൂചിപ്പിച്ചത്. അതാണ് വളച്ചൊടിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.


ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായി പഠിക്കണം. അങ്ങനെ അല്ലാതെ വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ. അടിയന്തരാവസ്ഥ അർദ്ധ ഫാസിസത്തിന്റെ ഭാഗമായിരുന്നു. സിപിഎം കൂട്ടുകെട്ടുണ്ടാക്കിയത് ജനതപാർട്ടിയുമായാണ്. അടിയന്തരാവസ്ഥയെ എതിർക്കുന്നതിന് വേണ്ടിയായിരുന്നു ആ സഖ്യം. ജനസംഘത്തിന്റെ പിൻഗാമിയല്ല ജനതപാർട്ടി. വിശാലമായൊരു പ്ലാറ്റ്‌ഫോമായിരുന്നു അതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


വിമോചനസമരത്തിൽ ആർഎസ്എസുമായി കൂട്ടുകെട്ടുണ്ടാക്കിയത് കോൺഗ്രസാണ്. വടകരയിലും, ബേപ്പൂരും അവർ തമ്മിൽ സഖ്യമുണ്ടാക്കി. ആ സഖ്യത്തെ എൽഡിഎഫ് തോൽപിച്ചു. നിലമ്പൂരിൽ കോൺഗ്രസിന് നിരായുധരായ സൈന്യത്തിന്റെ അവസ്ഥയാണ്. ജമാ അത്തെ ഇസ്ലാമിയെ വെള്ളപൂശാനാണ് കോൺഗ്രസിന്റെ ശ്രമം. ഒരു വർഗ്ഗീയതയുടെ കൂട്ടും സിപിഎമ്മിന് വേണ്ട. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വികസനം പറഞ്ഞാണ് എൽഡിഎഫ് പ്രചാരണം നടത്തിയത്. വികസനം എന്ന വാക്ക് യുഡിഎഫ് അജൻഡയിലില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എൽഡിഎഫ് മണ്ഡലത്തിലുടനീളം വലിയ മേൽകൈ നേടി. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് എൽഡിഎഫ് മത്സരിച്ചത്. യുഡിഎഫിന് ഒരു രാഷ്ട്രീയ മുദ്രാവാക്യവും മുന്നോട്ട് വെക്കാനായില്ല. യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി സഖ്യത്തിനെതിരെ നിലമ്പൂർ വിധിയെഴുതുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അടിയന്തരാവസ്ഥ വന്നപ്പോള്‍ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വര്‍ഗീയവാദികളായ ആര്‍എസ്എസുമായും ചേര്‍ന്നിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതാണ് വിവാദമായത്. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു. അത് തുറന്ന് പറയാന്‍ തങ്ങള്‍ക്കൊരു ഭയവുമില്ല. സത്യസന്ധമായ കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവന വിവാദമായതോടെയാണ് എം വി ഗോവിന്ദന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Previous Post Next Post